കോഴിക്കോട് ജില്ലയിലെ വടകര താലൂക്കില്‍ തൂണേരി ബ്ളോക്കില്‍ വാണിമല്‍, വിലങ്ങാട്, വളയം എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് വാണിമല്‍ ഗ്രാമപഞ്ചായത്ത്. 36.53 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് കണ്ണൂര്‍ ജില്ലയിലെ പാട്യം പഞ്ചായത്തും വയനാട് ജില്ലയിലെ തൊണ്ടര്‍നാട് പഞ്ചായത്തും, കിഴക്ക് നരിപ്പറ്റ പഞ്ചായത്തും വയനാട് ജില്ലയിലെ തൊണ്ടര്‍നാട് പഞ്ചായത്തും, പടിഞ്ഞാറ് വളയം, ചെക്യാട് പഞ്ചായത്തുകളും, തെക്ക് നാദാപുരം, നരിപ്പറ്റ പഞ്ചായത്തുകളുമാണ്. ഒരു ഫസ്റ്റ്ഗ്രേഡ് ഗ്രാമപഞ്ചായത്താണ് വാണിമല്‍. ചരിത്രമുറങ്ങിക്കിടക്കുന്ന പഴയ കുറുമ്പ്രനാട് താലൂക്കിലെ 104 അംശങ്ങളില്‍ ഒന്നായിരുന്നു വാണിമല്‍ പ്രദേശം. വിലങ്ങാട് കുഞ്ഞോന്‍ ചിറയില്‍ നിന്നുല്‍ഭവിച്ച് മാഹികടലില്‍ ചെന്നുചേരുന്ന മയ്യഴിപ്പുഴ ഈ പ്രദേശത്തിന് അനുഗ്രഹമായിരുന്നു. ആദ്യകാലത്ത് ഈ ഗ്രാമം കുറ്റിപ്പുറം കോവിലകത്തിന്റെ കീഴിലായിരുന്നു. 1960-ലെ കേരളപഞ്ചായത്ത് രാജ് ആക്ടിനനുസൃതമായി 1962-ല്‍ വാണിമല്‍ പഞ്ചായത്ത് നിലവില്‍ വന്നു. വാണിമല്‍, വളയം, വേര്‍കടവ്, മാമ്പിലാക്കുല്‍, വെള്ളിയോട് എന്നീ പ്രധാന പ്രദേശങ്ങള്‍ ഉള്‍പ്പെട്ടിരുന്ന ഈ പഞ്ചായത്ത് 1977-ല്‍ വിഭജിക്കപ്പെട്ടു. വളയം ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി വളയം പഞ്ചായത്ത് രൂപീകരിക്കപ്പെട്ടു. 1963 ഡിസംബര്‍ 17-നാണ് തെരഞ്ഞെടുക്കപ്പെട്ട മെമ്പര്‍മാരുടെ ആദ്യയോഗം നടക്കുന്നത്. പി.പി.കുഞ്ഞിക്കണാരനെ പ്രസിഡന്റായി തെരഞ്ഞെടുത്തു. ഇദ്ദേഹമാണ് വാണിമല്‍ പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡന്റ്. ചരിത്രം ഉറങ്ങിക്കിടക്കുന്ന കടത്തനാടിന്റെ വടക്കുഭാഗത്ത് വയനാടന്‍ മലനിരകളുമായി തൊട്ടുരുമ്മി നില്‍ക്കുന്ന ഒരു കാര്‍ഷിക മേഖലയാണ് വാണിമല്‍. ഈ പഞ്ചായത്തിന്റെ വടക്കുഭാഗം അവസാനിക്കുന്നത് കണ്ണവം, കുഞ്ഞ്യോം വനാതിര്‍ത്തികളിലാണ്. വിലങ്ങാട് മലമേടുകളില്‍ ഉള്ള കുഞ്ഞ്യോം ചിറയില്‍ നിന്നുല്‍ഭവിച്ച് മാഹി കടലില്‍ ചെന്ന് ചേരുന്ന മയ്യഴി പുഴ വാണിമലിന്റെ പുത്രിയാണ്. പ്രകൃതിരമണീയമായ മലനിരകളും പുഴയും വാണിമലിന് ഗാംഭീര്യവും പ്രൌഢിയും സൌന്ദര്യവും നല്‍കുന്നു. പഞ്ചായത്തിന്റെ പകുതിഭാഗം കുന്നുകളും മലകളുമാണ്. ജനങ്ങള്‍ക്കിടയില്‍ സൌഹാര്‍ദ്ദത്തിന്റെ പ്രധാന കണ്ണിയാണ് പണം പയറ്റ്. തമ്പുരാക്കന്‍മാരുടെ ഭരണകാലത്ത് ജന്മിമാര്‍ പണം പെരുപ്പിച്ച കളി എന്ന നിലയില്‍ പണം പയറ്റ് കഴിച്ചിരുന്നു
ചരിത്രം
വയനാട്ടിലേക്ക് പോകുന്ന അറബിക്കച്ചവടക്കാരുടെ വാണിജ്യകേന്ദ്രമായിരുന്നു വാണിമല്‍. വാണിജ്യത്തിന് പേരുകേട്ട ഒരു സ്ഥലം എന്ന നിലയ്ക്ക് വണിക്കുകള്‍ (കച്ചവടക്കാര്‍) തമ്പടിച്ചിരുന്നത് കൊണ്ടും വാണിമല്‍ എന്ന പേരുണ്ടായി എന്ന് പറയപ്പെടുന്നു. ജ്ഞാനത്തിന്റെ ദേവതയായ വാണി (സരസ്വതി) വിളയാടുന്ന സ്ഥലം എന്ന അര്‍ത്ഥത്തിലാണ് വാണിമല്‍ എന്ന് പേരുണ്ടായത് എന്നും പറയപ്പെടുന്നു. ഇവിടുത്തെ മറ്റു പ്രദേശങ്ങളായ ഭൂമിവാതുക്കല്‍, കോടിയുറ, വെള്ളിയോട് തുടങ്ങിയ സ്ഥലങ്ങളുടെ നാമങ്ങള്‍ക്ക് പിന്നിലും കഥകളുണ്ട്. ഭൂമിപോലും വാതുവെക്കുന്ന (പണയം വെക്കുന്ന) ഒരു വിഭാഗം ഉള്ളതുകൊണ്ടും ഭൂമിശാസ്ത്രപരമായ കിടപ്പുകൊണ്ടും ചുറ്റുപാടുമുള്ള വനപ്രദേശങ്ങളില്‍ നിന്ന് ഒരു തെളിഞ്ഞ ഭൂമിയിലേക്ക് ഉള്ള ഒരു വാതില്‍ എന്ന നിലയിലാണ് ഭൂമിവാതുക്കല്‍ എന്ന പേരുണ്ടായത് എന്നും പറയപ്പെടുന്നു. ദാവാരികള്‍ എന്നറിയപ്പെടുന്ന ഒരു കച്ചവടവിഭാഗം താമസിച്ച പ്രദേശമായിരുന്നു വെള്ളിയോട്. ഇവര്‍ ഒരു പക്ഷേ യവനരോ, അറബികളോ ആകാം. കുരുമുളക് അടക്കമുള്ള വനവിഭവങ്ങള്‍ക്ക് പകരമായി വെള്ളി, ഓട്, സ്വര്‍ണ്ണം എന്നിവ കൈമാറ്റം ചെയ്ത സ്ഥലത്തെ വെള്ളിയോട് എന്ന് വിളിച്ചതാകാം. യവന കച്ചവടക്കാര്‍ കുരുമുളകും മറ്റും കച്ചവടം ചെയ്യാന്‍ വരുന്ന കേന്ദ്രത്തില്‍ പ്രത്യേക കൊടി വളരെ ഉയരത്തില്‍ കെട്ടുക പതിവുണ്ടായിരുന്നു. അത് കണ്ടിട്ടാണ് മല മുകളില്‍ താമസിച്ച കുറിച്യര്‍ കുരുമുളകും മറ്റുവനവിഭവങ്ങളുമായി കൊടി കണ്ട സ്ഥലത്തേക്ക് വരാറുണ്ടായിരുന്നതെന്നും ആ സ്ഥലത്തിനാണ് കോടിയുറ എന്ന് പേരുണ്ടായത് എന്നും ഐതിഹ്യമുണ്ട്. കൊ എന്നാല്‍ രാജാവിന്റെ സ്ഥലം എന്നര്‍ത്ഥമുണ്ടായിരുന്നു. ഒരു കാലത്ത് കോലത്ത് രാജാവിന്റെ സ്ഥലാതിര്‍ത്തി കോ പറമ്പ് എന്നറിയപ്പെട്ടിരുന്നു. കോ പറമ്പ് എന്ന പേര് ലോപിച്ചായിരിക്കാം കുളപറമ്പ് എന്ന പേര് വന്നത് എന്ന് അനുമാനിക്കാം. കുറിഞ്ചി (വനപ്രദേശം) പ്രദേശത്ത് താമസിക്കുന്നവരായതു കൊണ്ടാണ് കുറിച്യര്‍ എന്ന പേര് വന്നത് എന്ന് പറയപ്പെടുന്നു. വേട്ടയാടിയും വനവിഭവങ്ങള്‍ ശേഖരിച്ചും കാട് വെട്ടി അവശ്യവസ്തുക്കള്‍ കൃഷി ചെയ്തും ഉപജീവനമാര്‍ഗ്ഗം നടത്തിയ ഈ വിഭാഗത്തിലെ ചിലര്‍ ബ്രിട്ടീഷുകാര്‍ക്ക് എതിരായ പഴശ്ശിയുടെ പോരാട്ടത്തിലെ പ്രധാന പോരാളികളായിരുന്നു. ഇവരില്‍ അതിപ്രധാനിയായ തലക്കല്‍ ചാത്തു ഇവിടുത്തുകാരനാണ്. കുറിച്യര്‍ ചിറ്റിരന്മാര്‍, അറിയോടന്‍, കയലോടന്‍, പൊരുന്നന്‍, എനി ഏനന്‍, വേലിയേറി, വള്ള്യാടന്‍, തെനിയാടന്‍ തുടങ്ങിയ ഗോത്രനാമങ്ങളാല്‍ അറിയപ്പെടുന്നു. ഇവര്‍ ഉന്നം തെറ്റാതെ വെടിവയ്ക്കുന്നതിലും അമ്പെയ്യുന്നതിലും അതിനിപുണരാണ്. ചൂരല്‍, മുള എന്നിവ ഉപയോഗിച്ച് കുട്ടകളും, കൊട്ടകളും അതിവിദഗ്ദ്ധമായി പണിയുന്ന ഇവരുടെ ഉല്‍പന്നങ്ങള്‍ക്ക് വിപണിയില്‍ വലിയ ഡിമാന്റാണ്. മുമ്പുകാലത്ത് വള്ളൂര്‍കാവില്‍ നിന്നും ഉല്‍സവസമയത്ത് പണിയ കുടുംബങ്ങളെ ഒരു വര്‍ഷത്തേക്ക് വാടകക്ക് എടുക്കാറുണ്ടായിരുന്നു. ചില മലഞ്ചരക്ക് കച്ചവടക്കാര്‍ വാടകക്ക് എടുത്ത് കൊണ്ടുവന്ന് ഇവിടെ സ്ഥിരതാമസമാക്കിയവരാണ് പണിയവിഭാഗക്കാര്‍ എന്ന് പറയപ്പെടുന്നു. ആദ്യമായി വെള്ളിയോട് പ്രദേശത്താണ് ജനങ്ങള്‍ താമസം തുടങ്ങി എന്നാണ് ചരിത്രം. മഹാശിലാസംസ്കാരത്തിന്റെ അവശിഷ്ടങ്ങള്‍ കുറെയൊക്കെ കണ്ടുകിട്ടിയ വെള്ളിയോട് പ്രദേശത്ത് പുരാതനമായ ഒരു മുസ്ളീം പള്ളിയും അതിനടുത്ത് വളരെ പഴകിയ ഒരു ഗുഹയും അടുത്ത പള്ളിപ്പറമ്പിന് പിന്നില്‍ ഉള്ള അങ്ങാടിപ്പറമ്പ് എന്നുവിളിക്കുന്ന സ്ഥലത്ത് വലിയ ഏഴ് കിണറുകളും അതിന് വലിയ കല്‍പടവുകളും നന്നങ്ങാടി എന്ന ഭാഗങ്ങളിലായി കാണപ്പെട്ടിട്ടുണ്ട്. കടത്തനാട് രാജവംശത്തിന്റെ ഒരു ശാഖയായിരുന്ന ആയഞ്ചേരി കോവിലകത്തിന്റെ അധീനതയിലായിരുന്നു വാണിമലിലെ ഭൂമി മുഴുവനും. പൌരാണികകാലത്ത് സുഗന്ധദ്രവ്യങ്ങള്‍ ശേഖരിക്കുവാന്‍ വാണിമലിന്റെ പലഭാഗങ്ങളിലും വിദേശികളായ ദാവാരികള്‍ വെള്ളിയോട് പ്രദേശത്ത് പെട്ടെന്ന് വന്ന് തമ്പടിച്ച് കച്ചവടസാധനങ്ങളുമായി പെട്ടെന്ന് സ്ഥലം വിടുന്ന രീതി ഉണ്ടായിരുന്നു. ഇക്കൂട്ടരെ ജിന്നിന്റെ കച്ചവടം എന്ന് പറയാറുണ്ടായിരുന്നു. വയനാടന്‍ കാടുകളില്‍ നിന്നും കണ്ണവം കാടുകളില്‍ നിന്നും ശേഖരിക്കുന്ന സുഗന്ധദ്രവ്യവിളകളായ കുരുമുളക്, ഏലം എന്നീ ഉല്പന്നങ്ങള്‍ ഇവിടെ നിന്ന് ധാരാളമായി കച്ചവടം നടത്തിയിരുന്നു. വയനാട്ടിലേക്കുള്ള വഴിയില്‍ ഏറ്റവും ചെറിയ ചുരം എന്നറിയപ്പെടുന്ന ചേലാല ചുരം ഇന്നറിയപ്പെടുന്നത് പഴശ്ശിരാജ ചുരം എന്നാണ്. യവന (റോമന്‍) കച്ചവടക്കാരുടെ പിന്തുടര്‍ച്ചക്കാരായി കേരള ചരിത്രത്തില്‍ വന്നത് അറബികളാണ്. അവരില്‍പെട്ട സിദ്ധനാണ് വെള്ളിയോട് പള്ളിയിലെ ദര്‍ഗ്ഗയില്‍ അന്ത്യവിശ്രമം കൊള്ളുന്ന തങ്ങള്‍ എന്നറിയപ്പെടുന്നു. ഇന്നും വാണിമല്‍ പ്രദേശം ഒരു വാണിജ്യ കേന്ദ്രം തന്നെയാണ്. കുടിയേറ്റക്കാരുടെ വരവിന് ശേഷം കപ്പ, വാഴ, പച്ചക്കറികള്‍ മുതലായവ മറ്റു പ്രദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യാറുണ്ടായിരുന്നു. വാണിമലിലെ ആദിവാസികളായ കുറിച്യര്‍, പണിയര്‍ എന്നിവര്‍ തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ എന്നീ അനാചാരങ്ങളെ പിന്തുടരുന്നുണ്ട്. മരുമക്കത്തായത്തില്‍ വിശ്വസിക്കുന്നവരാണ് കുറിച്യര്‍. അതേസമയം ആദിവാസികളായ പണിയര്‍ വലിയമാറ്റമില്ലാതെ ജീവിക്കുന്നു. കുടുംബത്തില്‍ ആരെങ്കിലും മരണമടഞ്ഞാല്‍ അനുശോചനം രേഖപ്പെടുത്തി കരയുന്നതിന് മാത്രം ഒരു പ്രത്യേക ദിവസം നിശ്ചയിക്കലാണ്. ഇത് മരണം നടന്ന് ഒരു മാസത്തിനു ശേഷവും ആയേക്കാം. ഇവരുടെ വര്‍ഗ്ഗത്തലവന്‍ മൂപ്പനാണ് തിയതി നിശ്ചയിക്കുന്നത്. മുഖ്യപുരോഹിതനും മുപ്പന്‍ തന്നെ. ആണ്ടിലൊരിക്കല്‍ തുടി മുട്ടി ആഘോഷമായി മൂപ്പന്‍ വെളിച്ചപ്പാടായി മാറുന്നു. അന്നാണ് ചെയ്തുപോയ കുറ്റങ്ങള്‍ക്കുള്ള ശിക്ഷ കല്‍പ്പിക്കുന്നത്. വസ്ത്രധാരണത്തില്‍ വൃത്തിയല്ലെങ്കിലും ഭക്ഷണകാര്യത്തില്‍ വളരെയധികം വൃത്തിയുള്ളവരാണ്. ഹിന്ദുമതത്തില്‍പെട്ട നായര്‍, നമ്പ്യാര്‍, കുറുപ്പ്, അടിയോടി തുടങ്ങിയ സവര്‍ണ്ണര്‍ ഈ പ്രദേശത്ത് ന്യൂനപക്ഷമാണ്. തിയ്യര്‍, വണ്ണാന്‍, പരവന്‍ മുതലായ അവര്‍ണ്ണരാണ് ബഹുഭൂരിപക്ഷവും. മിശ്രവിവാഹങ്ങളില്‍ തിയ്യര്‍ താല്പര്യം കാണിക്കുന്നുണ്ട്. മുസ്ളീങ്ങളില്‍ ഭൂരിഭാഗവും വാണിമല്‍, ഭൂമിവാതുക്കല്‍, വെള്ളിയോട് പ്രദേശങ്ങളില്‍ താമസിക്കുന്നു. ഒരു കാലത്ത് സാമ്പത്തികമായി വളരെ പിന്നിലായിരുന്നു ഇവിടുത്തെ മുസ്ളീങ്ങള്‍. മലവാരത്തെ ഭൂമി കോവിലകത്തുനിന്ന് പാട്ടത്തിന് വാങ്ങി സ്വന്തം കൃഷിചെയ്തും കച്ചവടത്തിലൂടെയും സാമ്പത്തികമായി ഉന്നതി പ്രാപിച്ച് വന്നവരാണ് ഇവര്‍. വിദേശത്ത് ജോലിചെയ്യുന്നവരില്‍ ഭൂരിഭാഗവും മുസ്ളീങ്ങള്‍ തന്നെ. പള്ളികളും മതപഠന മദ്രസകളും ധാരാളമുണ്ട്. 1940 വര്‍ഷങ്ങളിലാണ് തിരുവിതാംകൂറില്‍ നിന്ന് വന്മന ക്രിസ്ത്യന്‍ കുടിയേറ്റക്കാര്‍ കിഴക്കന്‍ മലയോരങ്ങളില്‍ അധിവാസം ഉറപ്പിക്കുന്നത്. രണ്ടാം പഴശ്ശിവിപ്ളവത്തില്‍ വാണിമലിലെ കുറിച്യര്‍ സജീവമായി പങ്കെടുത്തിരുന്നു. പഴശ്ശി വിഭാഗത്തില്‍പെട്ട ചുഴലി നമ്പ്യാരും, തലക്കല്‍ ചാത്തുവും ബ്രിട്ടീഷ് പട്ടാളത്തിന് തലവേദന സൃഷ്ടിച്ച പടയാളികളായിരുന്നു. പഴശ്ശിരാജാവും ബ്രിട്ടീഷ് പട്ടാളവും വാണിമല്‍ പ്രദേശങ്ങളില്‍ വെച്ച് ഏറ്റുമുട്ടിയതായി പറയപ്പെടുന്നു. പഴശ്ശിപടയാളികള്‍ തമ്പടിച്ച ഒരു ഗുഹ കുറ്റല്ലൂര്‍ മലയില്‍ ഇപ്പോഴുമുണ്ട്. മുസ്ളീം സമുദായത്തിന് ഓത്തുപുരയും ഹിന്ദുസമുദായത്തിന് എഴുത്തുപുരയും ആണ് ആദ്യം വിദ്യാഭ്യാസത്തിന് ഇവിടെയുണ്ടായിരുന്നത്. വളരെ കാലം മുമ്പുതന്നെ വാണിമലില്‍ നിന്ന് വിലങ്ങാട് വരെ കട്ട് റോഡുണ്ടായിരുന്നു. കൂടുതല്‍ വളവില്ലാതെ നീളത്തില്‍ കാണുന്ന റോഡാണിത്. തെക്കുനിന്നും വടക്കോട്ട് 17 കിലോമീറ്ററോളം നീണ്ടുകിടക്കുകയാണ് വാണിമല്‍ പഞ്ചായത്ത്. ഭൂവിസ്തൃതിയുടെ ഏതാണ്ട് പകുതി ഭാഗവും കുന്നുകള്‍ വ്യാപിച്ചിരിക്കുന്നു.